ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് (Madhu) മധുവിന്‍റെ കുടുംബത്തിന് നിയമസഹായം വാഗ്‍ദാനം ചെയ്ത് കഴിഞ്ഞ ദിവസമാണ് നടന്‍ (Mammootty) മമ്മൂട്ടി രംഗത്തെത്തിയത്. വിചാരണ കോടതിയില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാതെയിരുന്നത് ഏതാനും ദിവസം മുന്‍പ് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പിആര്‍ഒ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം മധുവിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടത്. മമ്മൂട്ടിയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. സംവിധായകൻ എം.എ. നിഷാദ് ഈ അവസരത്തിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
"എം.എ. നിഷാദിന്റെ" വാക്കുകൾ ഇങ്ങനെ : -
ഈ വാർത്ത സത്യമാണെങ്കിൽ... ഒരു കലാകാരന്റെ സാമൂഹിക,പ്രതിബദ്ധതയുടെ,അർപ്പണ ബോധത്തിന്റെ മകുടോദാഹരണം.. മലയാളത്തിന്റെ പ്രിയ നടൻ ശ്രീ മമ്മൂട്ടി സഹജീവിയോടുളള കടമക്കപ്പുറം, ശബ്ദമില്ലാത്തവന്റെ, ശബ്ദമായി മാറുന്നു... അഭിനന്ദിനീയം,എന്നൊരൊറ്റവാക്കിൽ ഒതുങ്ങേണ്ടതല്ല അദ്ദേഹത്തിന്റെ ഈ പ്രവർത്തി. മറിച്ച്, ഇനിയും ഉണരാത്ത ഞാനുൾപ്പടെ,ഉറക്കം നടിക്കുന്ന,സമൂഹത്തെ ഉണർത്താൻ കൂടിയാണ്... വെളളിത്തിരയിലെ,അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക്,കൈയ്യടിക്കുന്ന ആരാധകർ....അവർക്കും കൂടിയുളള മമ്മൂട്ടി സാറിന്റ്റെ സന്ദേശം കൂടിയാണ് ഈ തീരുമാനം...ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട,അശരണർക്ക് തുണയായി താനുണ്ടാവും എന്ന സന്ദേശം... അതൊരു പ്രചോദനമാകട്ടെ എല്ലാവർക്കും. ശ്രീ മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ.
മമ്മൂട്ടിയുടെ പിആർ ടീമിന്റെ കുറിപ്പ്
മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ, മമ്മൂക്കയുടെ നിർദേശപ്രകാരം മധുവിന്‍റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഒരു കാലതാമസവും വരാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു അദ്ദേഹം എനിക്ക് തന്നിരുന്ന കർശന നിർദ്ദേശം. സംസ്ഥാന നിയമമന്ത്രി ശ്രീ പി രാജീവിനെയും അദ്ദേഹം അന്ന് തന്നെ ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കും എന്ന് അദ്ദേഹം മമ്മൂക്കക്ക് ഉറപ്പും കൊടുത്തു. ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി അദ്ദേഹത്തിന് കൊടുത്തു. ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിന്‍റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്‍റെ സേവനം പൂർണ്ണമായി ഉപയോഗപ്പെടുത്തുവാനുള്ള തീരുമാനം അവർ ഞങ്ങളെ അറിയിക്കുകയുണ്ടായി.
തുടർന്ന്, നിയമസഹായം ഭാവിയിൽ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച്ച് അത് ലഭ്യമാക്കാൻ ഉള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ: നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുവിന്‍റെ കുടുംബത്തിനോ അല്ലങ്കിൽ മധുവിനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും അവർ ആവശ്യപ്പെടുന്ന നിയമോപദേശം നൽകുക എന്നതാണ് അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തം. മധുവിനു നീതി ഉറപ്പ് വരുത്തുവാൻ.. കേസ് സുഗമായി കൊണ്ടുപോകുവാൻ ആ കുടുംബത്തിനും സർക്കാർ ശ്രമങ്ങൾക്കുമൊപ്പം മമ്മൂക്കയുടെ കരുതൽ തുടർന്നും ഉണ്ടാവുമെന്ന് എല്ലാവരെയും പോലെ എനിക്കും ഉറപ്പുണ്ട്. (Nb: സർക്കാർ തന്നെ ആണ് കേസ് നടത്തുന്നത്. കുടുംബത്തിന് ആവശ്യമായ നിയമോപദേശ സഹായമോ, അവർ ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആണ് അദ്ദേഹം ലഭ്യമാക്കുക.
Post a Comment
0Comments